കണ്ണൂരിൽ പുതിയ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എഡിഎം) ചുമതലയേറ്റു. കൊല്ലം സ്വദേശിയായ പത്മചന്ദ്രക്കുറുപ്പാണ് നവീൻ ബാബുവിന് പകരം ചുമതലയേറ്റത്. സ്ഥാനമേറ്റതിന് ശേഷം പ്രതികരിച്ച അദ്ദേഹം, വിവാദങ്ങൾ ചുമതലകളെ ബാധിക്കില്ലെന്നും നവീൻ ബാബു ചെയ്തതെല്ലാം നിയമപരമായിട്ടാണെന്നും അത്തരം നടപടികൾ തുടരാനാണ് ആഗ്രഹമെന്നും വ്യക്തമാക്കി. ചുമതലയേൽക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും 23-ന് കൊല്ലത്തു നിന്ന് വിടുതൽ കിട്ടിയതായും അദ്ദേഹം പറഞ്ഞു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നു. കുറ്റകൃത്യം ആസൂത്രിതമാണെന്നും ക്രിമിനൽ മനോഭാവം വെളിവാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യക്കെതിരെ നിലവിൽ 5 കേസുകളാണുള്ളതെന്നും സാക്ഷികൾക്ക് പ്രതിയെ ഭയമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലുറച്ച് നിൽക്കുകയാണ്. യാത്രയയപ്പ് പരിപാടിക്ക് ശേഷം നവീൻ ബാബു തെറ്റ് പറ്റിയെന്ന് പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ദിവ്യക്ക് പുറമെ ടി വി പ്രശാന്തനെയും പ്രതിചേർക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
Story Highlights: New ADM Padmachandra Kurup takes charge in Kannur, replacing Naveen Babu