ഒടുവിൽ വള്ളംകളി പ്രേമികളുടെ പരിശ്രമം ഫലം കണ്ടു. നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി സർക്കാർ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വള്ളംകളി സംരക്ഷണ സമിതി നിർദ്ദേശിച്ച സെപ്റ്റംബർ 28-ാം തീയതി പരിഗണിക്കുമെന്നാണ് സൂചന.
എന്നാൽ, 28 അല്ലെങ്കിൽ മറ്റൊരു തീയതി ആയിരിക്കും അന്തിമമായി പ്രഖ്യാപിക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ജലോത്സവം പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ റദ്ദാക്കുമെന്നായതോടെയാണ് പ്രതിഷേധം ശക്തമായത്. ജനപ്രതിനിധികൾ പോലും നിശ്ശബ്ദരായിരുന്നപ്പോഴാണ് സോഷ്യൽ മീഡിയ വഴി രൂപംകൊണ്ട പ്രതിഷേധത്തിന് വള്ളംകളി സർക്കാർ തലത്തിൽ വരെ സമ്മർദ്ദം ചെലുത്താൻ സാധിച്ചത്.
ഇന്നലെ, സമിതിയെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ചോളം വള്ളംകളിപ്രേമികൾ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കളിക്കാർ, ക്ലബ്ബുകാർ, വള്ളം സമിതിക്കാർ തുടങ്ങിയവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കളക്ടർ മുഖാന്തരം സർക്കാരിനെ അറിയിച്ചിരുന്നു. ജലമേള സംഘടിപ്പിക്കുന്നതിന് തുഴച്ചിലുകാർക്ക് ചുരുങ്ങിയത് രണ്ടാഴ്ചത്തെ പരിശീലനം ആവശ്യമാണ്.
നേരത്തെ സജ്ജീകരിച്ച പന്തലും പവലിയനും വീണ്ടും തയ്യാറാക്കാൻ ചെലവ് ഇരട്ടിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. വള്ളംകളി തീയതി പ്രഖ്യാപിക്കുന്നതോടെ വള്ളംകളി ക്യാമ്പുകൾ വീണ്ടും തുറക്കുകയും, പിരിഞ്ഞുപോയ തുഴച്ചിലുകാരെ തിരികെ എത്തിച്ച് നിർത്തിവെച്ച പരിശീലനം പുനരാരംഭിക്കുകയും ചെയ്യും.
Story Highlights: Nehru Trophy Boat Race date to be announced today after protests and social media pressure