കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാനത്തെ നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന ആവശ്യം ഉന്നയിച്ചു. ഈ നിലപാട് സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് സംഘടിപ്പിച്ച നിയമ വിദ്യാർത്ഥികൾക്കായുള്ള ലോകോസ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അലോഷ്യസ് സേവ്യർ.
സംസ്ഥാനത്തെ പല സർവ്വകലാശാലകളും വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതും, പുനഃമൂല്യനിർണ്ണയ ഫലങ്ങൾ വരുന്നതിന് മുമ്പായി സപ്ലിമെൻ്ററി പരീക്ഷക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നതും തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.
കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ സംസ്ഥാനത്തെ 21 നിയമ കലാലയങ്ഗളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കെ.എസ്.യു സംസ്ഥാന കൺവീനർ ശ്രീജിത്ത് പുലിമേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറിമാരായ മുബാസ് ഓടക്കാലി, അൽ അമീൻ അഷ്റഫ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് കെ.എം കൃഷ്ണ ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Story Highlights: KSU demands special university for law students in Kerala