എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തോമസ് കെ. തോമസ് എംഎൽഎയുടെ പേര് നേരത്തെ തന്നെ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശിച്ചിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് ഇ-മെയിൽ മുഖേനെയാണ് ഈ ആവശ്യം അറിയിച്ചത്. 14 ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ തോമസ് കെ തോമസിനാണെന്നും പിന്തുണ അറിയിച്ചുള്ള കത്ത് ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നൽകിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് തോമസ് കെ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രധാന നേതാക്കളെ കണ്ടുവെന്നും അവർക്കുള്ളത് പറയാനുള്ളത് കേട്ടുവെന്നും ജിതേന്ദ്ര അവാദ് പ്രതികരിച്ചു. കേരള ഘടകത്തിന്റെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം പിന്നീടായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പി.സി. ചാക്കോയുടെ രാജി വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ശശീന്ദ്രൻ പവാറിന് ഇ-മെയിൽ സന്ദേശം അയച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റും ചാക്കോയ്ക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് എൻ.സി.പിയിൽ എത്തിയ പി.എം. സുരേഷ് ബാബുവിനെയോ ജനറൽ സെക്രട്ടറി കെ.ആർ രാജനെയോ അധ്യക്ഷനാക്കാൻ നീക്കമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് പി.സി. ചാക്കോ താൽപര്യമുള്ള പേരുകൾ നിർദ്ദേശിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തോമസ് കെ തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ച് മെയിൽ അയച്ചത്. എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം തോമസ് കെ തോമസിന് ഉറപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Thomas K. Thomas is confirmed as the new NCP state president in Kerala, with support from 14 district presidents.