എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ. തോമസിനെ പിന്തുണയ്ക്കാൻ എ.കെ. ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. പി.സി. ചാക്കോ മുന്നോട്ടുവയ്ക്കുന്ന ബദൽ സ്ഥാനാർത്ഥികളെ അംഗീകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി ഈ മാസം 25ന് യോഗം ചേരാനിരിക്കെയാണ് ശശീന്ദ്രൻ പക്ഷം സമാന്തര യോഗം വിളിച്ചുചേർത്തത്. വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെ അധ്യക്ഷനാക്കാൻ പി.സി. ചാക്കോ ശ്രമിക്കുന്നുവെന്ന സംശയമാണ് ശശീന്ദ്രൻ പക്ഷത്തിനുള്ളത്.
പുറത്താക്കപ്പെട്ട മൂന്ന് ജില്ലാ അധ്യക്ഷന്മാർക്ക് പകരം നിയമിതരായവരെ സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കരുതെന്നും ശശീന്ദ്രൻ പക്ഷം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾക്ക് മുൻപ് ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും നീരീക്ഷകരോട് ഈ ആവശ്യം ഉന്നയിക്കും. ജില്ലാ അധ്യക്ഷന്മാരെ മുൻനിർത്തി പി.സി. ചാക്കോ ബദൽ നീക്കം നടത്തുമെന്ന സംശയവും സമാന്തര യോഗം വിളിക്കാൻ കാരണമായി.
തോമസ് കെ. തോമസിനെ അധ്യക്ഷനായി അംഗീകരിക്കാത്തപക്ഷം ബദൽ മാർഗങ്ങൾ ആലോചിക്കാനും ധാരണയായി. ഇത് വീണ്ടും പാർട്ടിയിൽ പിളർപ്പിന് കാരണമായേക്കും. പുറത്താക്കപ്പെട്ട ജില്ലാ അധ്യക്ഷന്മാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നീരീക്ഷകനായ ജിതേന്ദ്ര അവാദിന് കത്ത് നൽകിയിട്ടുണ്ട്. മന്ത്രിയുടെ വസതിയിൽ ചേരാനിരുന്ന യോഗം, ട്വന്റിഫോർ വാർത്ത പുറത്തുവിട്ടതിനെ തുടർന്ന് ഹൗസിങ് ബോർഡ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
കോഴിക്കോട്ടായിരുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല. വടക്കൻ ജില്ലകളിൽ നിന്നുള്ള ശശീന്ദ്രൻ പക്ഷ നേതാക്കളുടെ യോഗം തിങ്കളാഴ്ച കോഴിക്കോട് ചേരും. മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച തർക്കത്തിനിടെ ചാക്കോ പുറത്താക്കിയ മൂന്ന് ജില്ലാ അധ്യക്ഷന്മാരുടെ വിഷയവും ചർച്ചയായി.
Story Highlights: The AK Saseendran faction within the NCP has decided to support Thomas K. Thomas for the state president post, rejecting alternative candidates proposed by P.C. Chacko.