മന്ത്രി മാറ്റത്തിലെ ഭിന്നത മൂർച്ഛിച്ചതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയ്ക്കെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ നീക്കം ശക്തമാക്കി. തന്റെ അനുയായികളുടെ യോഗം വിളിച്ചുചേർത്ത് ഭാവി നടപടികൾ ആസൂത്രണം ചെയ്യാനാണ് ശശീന്ദ്രന്റെ പദ്ധതി. അതേസമയം, തോമസ് കെ. തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിലപാട് വ്യക്തമാക്കാനാണ് ചാക്കോ പക്ഷത്തിന്റെ ആലോചന.
സുഗമമായി പരിഹരിക്കാവുന്ന മന്ത്രിമാറ്റം അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വഷളാക്കിയത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയാണെന്നാണ് എ.കെ. ശശീന്ദ്രനും അദ്ദേഹത്തിന്റെ അനുകൂലികളും ആരോപിക്കുന്നത്. പകരം മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ശശീന്ദ്രൻ രാജിവയ്ക്കണമെന്ന നിലപാട് ചാക്കോയുടെ വ്യക്തിപരമായ താൽപര്യമാണെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെ പ്രതികരിക്കാൻ ശശീന്ദ്രൻ പക്ഷം ആലോചിക്കുന്നത്.
തൃശ്ശൂരിൽ യോഗം ചേർന്ന് ഭാവി പദ്ധതികൾ തയ്യാറാക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, സമാന്തര യോഗം നടക്കുന്ന വിവരം പുറത്തുവന്നതോടെ ശശീന്ദ്രൻ പക്ഷം യോഗം മാറ്റിവച്ചു. മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യോഗം മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന സന്ദേശം. 23-ാം തീയതി യോഗം ചേരുന്നതാണ് ഇപ്പോൾ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയെ കണ്ട് മന്ത്രിസ്ഥാനത്തിനുള്ള തടസ്സം നീക്കാനാണ് തോമസ് കെ. തോമസിന്റെ ശ്രമം. തോമസിന് മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പി.സി. ചാക്കോയുടെ നിലപാട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നാണ് ധാരണ.
Story Highlights: AK Saseendran intensified the political move against PC Chacko