എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതായി ആരോപണം. കേന്ദ്ര സർക്കാരിന്റെ ഹിന്ദി ഭാഷാ നയം വിവാദമാകുന്നു. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് പോലും ഹിന്ദി തലക്കെട്ടുകൾ നൽകിയാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ത്രിഭാഷാ നയത്തിനെതിരെ കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രതിഷേധം തുടരുന്നതിനിടെയാണ് എൻ സി ഇ ആർ ടി യുടെ ഈ നടപടി.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് 2023 മുതൽ പുതിയ പാഠപുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്നതെന്ന് എൻ സി ഇ ആർ ടി അറിയിച്ചു. ആറ്, ഏഴ് ക്ലാസുകളിലെ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് യഥാക്രമം ഹണിസക്കിൾ, ഹണി കോംബ് എന്നിങ്ങനെയായിരുന്നു പേര്. എന്നാൽ ഇപ്പോൾ കിഴക്ക് എന്നർത്ഥമുള്ള പൂർവി എന്ന ഹിന്ദി പേരിലാണ് പുസ്തകം പുനർനാമകരണം ചെയ്തിരിക്കുന്നത്.
കണക്ക് പുസ്തകത്തിന് ഗണിത പ്രകാശ് എന്നാണ് പുതിയ ഹിന്ദി പുനർനാമകരണം. ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് മൃദംഗ് എന്നും മൂന്ന്, നാല് ക്ലാസുകളിലെ പുസ്തകങ്ങളുടെ പേര് സന്തൂര് എന്നും മാറ്റി. ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളിലെ കണക്ക് പുസ്തകത്തിന്റെ പേര് ഗണിത പ്രകാശ് എന്നും മാറ്റിയിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ പുസ്തകങ്ങൾക്ക് പോലും ഹിന്ദി തലക്കെട്ടുകൾ നൽകുന്ന രീതിയെ 2006-ൽ എൻ സി ഇ ആർ ടിയുടെ ടെക്സ്റ്റ് ഡെവലപ്മെന്റ് അംഗമായിരുന്ന ദില്ലി സർവകലാശാലയിലെ ചരിത്ര പ്രൊഫസർ അപൂർവാനന്ദ് ചോദ്യം ചെയ്തു. ഹിന്ദി കൊളോണിയലിസം എന്നാണ് എൻ സി ഇ ആർ ടി നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതിഷേധം അറിയിച്ച് എൻ സി ഇ ആർ ടി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.
കൊച്ചുകുട്ടികളുടെ പാഠപുസ്തകങ്ങളിൽ പോലും വൈവിധ്യത്തെ ഇല്ലാതാക്കി ഏകീകരണ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ആർ എസ് എസ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് പോലും ഹിന്ദി തലക്കെട്ടുകൾ നൽകുന്നത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിന് തെളിവാണെന്നും വിമർശകർ പറയുന്നു.
Story Highlights: NCERT textbooks are being published with Hindi titles, even for English medium books, sparking controversy and protests.