കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കാൻ നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ബിഎൻഎസ് 108 പ്രകാരം കേസെടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യയ്ക്കെതിരെ ചുമത്താൻ പോകുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായി കളക്ടർ, നവീനിന്റെ ഡ്രൈവർ, സഹോദരൻ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
യാത്രയയപ്പ് യോഗത്തിനിടെ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്. സിപിഐഎം ദിവ്യയുടെ വിമർശനത്തെ തള്ളി രംഗത്തെത്തി. വിമര്ശനം സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തിൽ അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദര്ശനത്തിനായി എത്തിച്ചപ്പോൾ നിരവധി പേർ അവസാനമായി കാണാനെത്തി. പിന്നീട് മലയാലപ്പുഴയിലെ വീട്ടിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിച്ചു. സംസ്കാരം വൈകീട്ടോടെ നടക്കും. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Story Highlights: Legal advice received to file case against PP Divya in Naveen Babu’s suicide case