കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ദേശീയ ചമയ ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 20 മുതൽ 26 വരെയാണ് ‘ചമയപ്പുര’ എന്ന പേരിൽ ശിൽപശാല നടക്കുക. നാടകം, നൃത്തം, ചലച്ചിത്രം, ക്ലാസിക്കൽ, ഫോക്ക് തുടങ്ങി വിവിധ ദൃശ്യകലകളിലെ ചമയകലയുടെ സാർവദേശീയ വികാസങ്ങളെ കുറിച്ചുള്ള പ്രായോഗിക പരിശീലനമാണ് ശിൽപശാലയുടെ ലക്ഷ്യം. ദേശീയ അവാർഡ് നേടിയ പ്രശസ്ത ചമയവിദഗ്ദ്ധൻ പട്ടണം റഷീദ് ആണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്നത്.
മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന 30 പേർക്കാണ് സമഗ്ര പരിശീലനം നൽകുന്നത്. 20നും 45നും ഇടയിൽ പ്രായമുള്ളവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് ബാധകമാണ്.
പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും അക്കാദമി സൗജന്യമായി ഒരുക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റും നൽകും. വ്യവസ്ഥകൾക്ക് വിധേയമായി ഓഡിഷൻ വഴിയാണ് ക്യാമ്പ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്.
അപേക്ഷകർക്ക് ഓൺലൈൻ ആയും ഓഫ്ലൈൻ ആയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അക്കാദമിയുടെ വെബ്സൈറ്റായ https://keralasangeethanatakaakademi.in ലെ ഗൂഗിൾ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഓൺലൈനായി സമർപ്പിക്കാം. ഓഫ്ലൈനായി അപേക്ഷിക്കുന്നവർക്ക് വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകളും സഹിതം തപാൽ മാർഗമോ കൊറിയർ മുഖേനയോ അക്കാദമിയിൽ സമർപ്പിക്കാവുന്നതാണ്.
മെയ് 31 നകം അപേക്ഷകൾ സമർപ്പിക്കണം. ഓഫ്ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂർ-20. കൂടുതൽ വിവരങ്ങൾക്ക് 9895280511, 9495426570 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തേപ്പും കോപ്പും അടങ്ങിയ ചമയകലയിലെ പരിശീലനമാണ് ശിൽപശാലയിൽ നൽകുന്നത്.
Story Highlights: Kerala Sangeetha Nataka Akademi is organizing a national makeup workshop, ‘Chamayappura,’ from June 20-26, led by renowned makeup artist Pattam Rasheed.