ദേശീയപാത 66 നിർമാണം 2025 ഡിസംബറിൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

Anjana

ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ 2025 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. നിയമസഭയിൽ എംഎൽഎമാർ ഉന്നയിച്ച പ്രശ്നങ്ങളും ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികളുടെ ആവശ്യങ്ങളും പരിശോധിക്കുന്നതിനായി വിളിച്ചുചേർത്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളും സർവീസ് റോഡുകളിലെ വിള്ളലുകളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ച് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും വഴിതിരിച്ചുവിടുന്നിടങ്ങളിൽ വ്യക്തമായ അടയാള ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 9 ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66, 17 റീച്ചുകളായാണ് നിർമിക്കുന്നത്. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന ആറുവരിപ്പാത 2025 ഡിസംബറോടെ പൂർണമായും പണിതീർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒറ്റക്കെട്ടായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പണി പൂർത്തിയാകുന്ന റീച്ചുകൾ ഓരോന്നും അതതു സമയത്ത് തന്നെ തുറന്നുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

നിർമാണം തടസ്സപ്പെടുന്നതും വൈകുന്നതും കഴിയുന്നതും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഓരോ പ്രവർത്തനവും കൃത്യമായി റിപ്പോർട്ട് ചെയ്ത് സർക്കാരിനെ അറിയിക്കണമെന്നും കളക്ടർമാർക്ക് മന്ത്രി നിർദേശം നൽകി. ഈ പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.