പാമ്പ് കടി ചികിത്സ: ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം

Anjana

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായി ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്.

പാമ്പ് കടിയേറ്റാൽ വളരെ വേഗം ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ, പാമ്പ് കടിയേറ്റവർക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കുന്നതിനായി താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി ആശുപത്രികളിൽ ആന്റിവെനം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മതിയായ ആന്റിവെനം ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.-ന് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്. ഈ നടപടികളിലൂടെ പാമ്പ് കടിയേറ്റവർക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.