
ഈ കോവിഡ് കാലത്ത് നാർക്കോ സംഘങ്ങളുടെ ശൃംഖല ശക്തമായി പിടിമുറുക്കുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് എംഎല്എ നജീബ് കാന്തപുരം രംഗത്ത്.
കേരളത്തില് നാര്ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാടിന്റ പരാമര്ശം വിവാദമായിരിക്കുന്ന പശ്ചാത്തലാത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി നജീബ് കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.
“പെൺകുട്ടികൾ ഉൾപ്പെടെ പിഞ്ചു കുട്ടികളെ പോലും ശൃംഖലയുടെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഏത് വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിറകിലുണ്ട്. ഏത് കുട്ടിയും വലയിൽ വീണു പോകും വിധമാണ് ഇതിന്റെ നെറ്റ്വർക്കെന്നും നജീബ് ചൂണ്ടിക്കാട്ടി.
പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം.
വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്.” – നജീബ് കാന്തപുരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Story highlight : Najeeb Kanthapuram responds to Narcotics Jihad issue.