സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ ശക്തമായ വിമർശനം ഉന്നയിച്ചു. നജീബ് കാന്തപുരം എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി, അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും റോഡപകടങ്ങൾ വർധിക്കുന്നതും ചൂണ്ടിക്കാട്ടി. ജീവൻ പണയം വച്ച് റോഡിൽ ഇറങ്ങേണ്ട അവസ്ഥയാണെന്നും യുദ്ധഭൂമിയിലേക്ക് എന്നപോലെയാണ് ജനങ്ങൾ റോഡിലേക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യമാണെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് നിയമസഭയിൽ മറുപടി നൽകി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ ചെറിയ ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മോശം റോഡ് കണ്ട മുഖ്യമന്ത്രി 16 കിമീ മാറി സഞ്ചരിച്ചതായും സാധാരണക്കാർക്ക് എസ്കോർട്ടും പൈലറ്റും ഇല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
നജീബ് കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വച്ചതിനെതിരെ സ്പീക്കർ രംഗത്തെത്തി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കട്ടെയെന്നും ഈ ഫ്ലോറിൽ ഒന്നും പറയാനാകില്ലേ എന്നും സ്പീക്കർ വിമർശിച്ചു. സഭയിൽ ഇരുവിഭാഗങ്ങളും തമ്മിൽ വാക്പോര് നടന്നതോടെ സാഹചര്യം സംഘർഷഭരിതമായി.