ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ് രംഗത്തെത്തി. ഹിയറിങ്ങിൽ താൻ ഉന്നയിച്ച ആവശ്യങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. മൂന്ന് വർഷമായിട്ടും തന്റെ ഫയൽ പരിഗണിക്കാതെ പൂഴ്ത്തിവെച്ച സർക്കാർ നടപടി ചോദ്യം ചെയ്ത പ്രശാന്ത്, തടഞ്ഞുവെച്ച തന്റെ പ്രമോഷൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.
ഓരോ ഫയലും ഒരാളുടെ ജീവൻ എടുക്കാനുള്ള അവസരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കുമെതിരെ കേസെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.
തന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ സസ്പെൻഷൻ പിൻവലിക്കണമെന്ന നിർബന്ധമൊന്നുമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. സർക്കാരിനെതിരെ ഇതുവരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹ്യമാധ്യമങ്ങളിൽ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടിയും ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. പ്രശാന്തിനെ നേരിട്ട് കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി ഹിയറിംഗിന് വിളിപ്പിച്ചത്.
ആറുമാസത്തിനുള്ളിൽ തീർപ്പാക്കേണ്ട ഫയൽ മൂന്ന് വർഷമായിട്ടും പരിഗണിക്കാതെ പൂഴ്ത്തിവെച്ചതിനെതിരെയാണ് പ്രശാന്ത് പ്രധാനമായും പ്രതികരിച്ചത്. ഹിയറിംഗിൽ കാര്യങ്ങൾ വിശദമായി പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ന്യായമായ പരിഹാരം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ഹിയറിംഗിന് ശേഷം എൻ. പ്രശാന്ത് ഐ.എ.എസ് പ്രതികരിച്ചിരുന്നു.
ചട്ടങ്ങളും നിയമങ്ങളും സർക്കാരിന് ബാധകമാണെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് പറഞ്ഞു. സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് ശ്വാസം മുട്ടാൻ താൻ ഗോപാലകൃഷ്ണനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: N. Prasanth IAS shares details of Chief Secretary’s hearing on Facebook.