സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരിച്ചു. പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നും താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലെന്ന് ഇ പി തന്നെ പറഞ്ഞതായും എംവി ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങൾ ഇത്തരം വാർത്തകൾ കൊണ്ടുവരാറുണ്ടെന്നും തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡി സി ബുക്സിനും മാധ്യമങ്ങൾക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നതായും അതിനപ്പുറം ഒന്നും പറയാനില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
പുസ്തകം എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ലെന്നും പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നത് പിന്നീട് ചർച്ച ചെയ്യാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിയമ നടപടി എടുക്കുമെന്ന് ഇ പി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്നും എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ പി എന്തെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
Story Highlights: MV Govindan responds to controversy surrounding EP Jayarajan’s alleged autobiography, dismissing media reports as false.