പത്തനംതിട്ട സിപിഐഎമ്മിൽ വിവാദം: വധശ്രമക്കേസ് പ്രതിയെയും സ്വീകരിച്ചു

Anjana

പത്തനംതിട്ട സിപിഐഎമ്മിൽ വിവാദങ്ങൾ തുടരുന്നു. കാപ്പാ കേസ് പ്രതിയെ സ്വീകരിച്ചതിന് പിന്നാലെ, വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയെയും പാർട്ടിയിലേക്ക് സ്വീകരിച്ചതായി വിവരം പുറത്തുവന്നു. എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലാം പ്രതിയായ സുധീഷിനെയാണ് സിപിഐഎം സ്വീകരിച്ചത്.

കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനെ മന്ത്രി വീണ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചതിന്റെ വിവാദം അടങ്ങുന്നതിന് മുൻപേ, കഞ്ചാവ് കേസ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വധശ്രമക്കേസിലെ ഒളിവിലുള്ള പ്രതിയെ കൂടി പാർട്ടിയിലേക്ക് സ്വീകരിച്ചതായി വിവരം പുറത്തുവന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2023 നവംബറിലാണ് വധശ്രമക്കേസിന് ആസ്പദമായ സംഭവം നടന്നത്. ഒളിവിലുള്ള പ്രതി സുധീഷിനെ പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരൺ ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ സ്വീകരിച്ചശേഷമാണ് സുധീഷിനെയും സ്വീകരിച്ചത്. വധശ്രമ കേസിലെ ഒന്നാം പ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിനകം ജാമ്യം എടുത്തിരുന്നു.