സംസ്ഥാനത്ത് മുണ്ടിനീർ വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ രോഗം കൂടുതലായി ബാധിക്കുന്നത് യുവാക്കളെയും വിദ്യാർത്ഥികളെയുമാണ്. സ്വകാര്യ ആശുപത്രികളിലെയും വീടുകളിലെയും കണക്കുകൾ ചേർത്താൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഈ മാസത്തിൽ മാത്രം തിരുവനന്തപുരം ജില്ലയിൽ 117 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷം 20,000-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
മംമ്സ് അഥവാ മുണ്ടിനീര് ഒരു വൈറസ് രോഗമാണ്. രോഗം ബാധിച്ചവരുടെ ഉമിനീരിലൂടെയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്. പാരാമിക്സോ വൈറസ് എന്ന വൈറസുകളാണ് ഈ രോഗം പരത്തുന്നത്.
ചുമയ്ക്കുമ്പോളോ തുമ്മുമ്പോളോ വായിലൂടെ പുറത്തുവരുന്ന രോഗാണുക്കളടങ്ങിയ കണികകൾ ശ്വസിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം ബാധിച്ചവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക.
പനി, കവിൾ തടത്തിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ രോഗം സ്ഥിരീകരിക്കുന്നതിനായി ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ ഗ്രന്ഥിവീക്കവും മംപ്സ് വൈറസ് മൂലമാകണമെന്നില്ല, മറ്റ് വൈറസുകളോ ബാക്ടീരിയകളോ ഇതിന് കാരണമാകാം.
വേദന കുറയ്ക്കുന്നതിനും പനി കുറയ്ക്കുന്നതിനും ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം ഉപയോഗിക്കുക. കൃത്യമായ ചികിത്സയിലൂടെ രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനാകും.
Story Highlights : Mumps is spreading in the state
Story Highlights: Mumps outbreak in Kerala: 475 cases reported this month, with Thiruvananthapuram recording 117 cases; health officials urge caution.