ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 24 നോട് അഭിപ്രായപ്പെട്ടു. കമ്മീഷന്റെ പ്രവർത്തനം മാതൃകാപരമാണെന്നും, എന്നാൽ നാലുവർഷമായി സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർക്കുവേണ്ടിയാണ് റിപ്പോർട്ട് പൂഴ്ത്തിവച്ചതെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയിരുന്നെങ്കിൽ നിരവധി കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമാ മേഖലയിലെ സ്ഥാപിത താൽപര്യക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടാകാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സൂചിപ്പിച്ചു. എന്നാൽ, സിനിമയിലെ തമ്പ്രാക്കന്മാർ പറയുന്നതനുസരിച്ച് കാര്യങ്ങൾ നീങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചയല്ല, ആക്ഷനാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്റെ നിലപാട് മുടന്തൻ ന്യായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരകൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാൽ പൊലീസിന് കേസെടുക്കാമെന്നും, സ്ക്രീനിൽ തിളങ്ങുന്നവരുടെ യഥാർത്ഥ മുഖം ജനം മനസ്സിലാക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.
Story Highlights: Former KPCC President Mullappally Ramachandran criticizes government for withholding Hema Committee report