മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ 2366.90 അടിയും മുല്ലപ്പെരിയാറിൽ 131.75 അടിയുമാണ് നിലവിലെ ജലനിരപ്പ്. രണ്ട് അണക്കെട്ടുകളിലും ജലനിരപ്പ് റൂൾ കർവ് പരിധിക്ക് താഴെയാണ്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയുള്ള അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പിൽ നേരിയ വർദ്ധന ഉണ്ടായത്. റൂൾകർവ് അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 137 അടിയാണ്. 5.25 അടി ജലനിരപ്പ് കൂടി ഉയർന്നാൽ മാത്രമേ ഈ അളവിലേക്ക് എത്തൂ. നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.
ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞവർഷത്തേക്കാൾ ജലനിരപ്പ് 34 അടിയോളം ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ റൂൾ കർവ് പരിധി നിലവിൽ 2382 അടിയാണ്. ഈ അളവിലേക്ക് ജലനിരപ്പ് ഉയർന്നാൽ മാത്രമേ ഷട്ടറുകൾ ഉയർത്താനുള്ള നടപടി സ്വീകരിക്കൂ. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ട്. കൂടാതെ മൂലമറ്റം പവർഹൗസിൽ പന്ത്രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനവും നടക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ ഡാമുകളുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന.
Story Highlights: Water levels in Mullaperiyar and Idukki dams remain stable, below rule curve limit
Image Credit: twentyfournews