കേന്ദ്ര സർക്കാർ മുദ്ര വായ്പാ പദ്ധതിയിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. ‘തരുണ് പ്ലസ്’ എന്ന വിഭാഗത്തിലെ വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി ധനമന്ത്രാലയം ഉത്തരവിറക്കി. ജൂലൈയിലെ ബജറ്റവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. മുൻ വായ്പകൾ കൃത്യമായി തിരിച്ചടച്ച, തരുണ് വിഭാഗത്തിൽ വരുന്ന സംരംഭകർക്കാണ് കൂടിയ തുക വായ്പ നൽകുന്നത്.
സംരംഭകർക്ക് ബിസിനസ് വികസനത്തിനായി ഈ തുക ഉപയോഗിക്കാം. 2015 ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കോർപറേറ്റിതര-കൃഷിയിതര സൂക്ഷ്മസംരംഭകർക്കാണ് വായ്പ ലഭിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് വായ്പ നൽകുന്നത്.
50,000 രൂപ വരെ ശിശു വിഭാഗത്തിലും 50,000 മുതൽ 5 ലക്ഷം വരെ കിഷോർ വിഭാഗത്തിലും 10 ലക്ഷം രൂപ തരുണ് വിഭാഗത്തിലും ലഭിക്കുന്നതാണ് നിലവിലെ രീതി. ഇപ്പോൾ തരുണ് വിഭാഗത്തിലെ പരിധിയാണ് 20 ലക്ഷമായി ഉയർത്തിയിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 2023-24 കാലയളവിൽ 66. 8 മില്യൺ വായ്പകളിലൂടെ 5.
4 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. തുടക്കം മുതൽ 2024 ജൂൺ വരെ 29. 79 ലക്ഷം കോടി രൂപയുടെ 487. 8 മില്യൺ വായ്പകൾ നൽകി.
2024 വർഷത്തിൽ മുദ്ര ലോണുകളിലെ നിഷ്ക്രിയാസ്തി 3. 4 ശതമാനമായി കുറഞ്ഞു. ഈ പദ്ധതി സംരംഭകർക്ക് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Centre doubles Mudra loan ceiling to Rs 20 lakh for entrepreneurs under ‘Tarun Plus’ category