കോഴിക്കോട് ജില്ലാ കോടതിയിൽ MS സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയായ ഷുഹൈബ് നിലവിൽ ഒളിവിലാണ്. ക്രൈംബ്രാഞ്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ MS സൊല്യൂഷനിലും ഷുഹൈബിൻ്റെ വസതിയിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. എന്നാൽ പ്രാഥമിക പരിശോധനയിൽ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താനായില്ല. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
SSLC, പ്ലസ് വണ് ക്രിസ്മസ് പരീക്ഷയുടെ ഇംഗ്ലീഷ്, കണക്ക് ചോദ്യ പേപ്പറുകളാണ് ചോര്ന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ ചോദ്യ പേപ്പറുകള് MS സൊല്യൂഷന്സ് കൃത്യമായി പ്രവചിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായത്തോടെയാണ് ചോദ്യപേപ്പര് ചോര്ന്നതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സ്വകാര്യ ടൂഷന് സ്ഥാപന നടത്തിപ്പുകാരുള്പ്പെടെയുള്ള വലിയ സംഘം ഇതിന് പിന്നിലുണ്ടെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. ചോദ്യ പേപ്പര് പ്രവചിച്ചിരുന്ന മറ്റ് സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
Story Highlights: MS Solution CEO Muhammad Shuhaib applies for anticipatory bail in question paper leak case