രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തിക്കൊണ്ടാണ് മന്ത്രാലയം ഇത് അറിയിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേ 2 എംപോക്സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്നും യാത്ര സംബന്ധമായാണ് രോഗം ബാധിച്ചതെന്നും വ്യക്തമാക്കി.
നിലവിൽ ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയിൽ ഉൾപ്പെടുന്ന എംപോക്സ് ബാധയല്ല യുവാവിന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. ഒറ്റപ്പെട്ട കേസാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights: First case of Mpox confirmed in India in a traveler from abroad