കോഴിക്കോട് എകരൂലിൽ ഗർഭസ്ഥശിശുവിന്റെ മരണത്തിന് പിന്നാലെ അമ്മയും മരിച്ച സംഭവം വലിയ വേദനയോടെയാണ് നാട്ടുകാർ കേട്ടത്. എകരൂൽ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അത്തോളി മലബാർ മെഡിക്കൽ കോളേജിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി അധികൃതർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് അത്തോളി പൊലീസ് കേസെടുത്തു. എന്നാൽ, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. തുടർന്ന് ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗർഭപാത്രം നീക്കംചെയ്തു.
Story Highlights: Mother dies following unborn child’s death in Ekarul, Kozhikode; family alleges medical negligence