കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ പരിശോധന നടത്തി. യൂസ്ഡ് കാർ ഷോറൂമിലാണ് ഇഡി പരിശോധന നടത്തിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധനയിൽ സ്ഥാപന ഉടമയായ മുജീബ് റഹ്മാനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലും പരിശോധന നടന്നു. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി. കഴിഞ്ഞമാസം സൗബിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിൻറെ പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻറെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി ആരംഭിച്ചിരുന്നു. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും.