മോഹൻ ലാൽ ചിത്രം ‘എൽ ടു എമ്പുരാൻ’ വ്യാഴാഴ്ച തിയറ്ററുകളിൽ
‘കാതലി’നും വർഷങ്ങൾക്ക് മുൻപ് താൻ സ്വവർഗാനുരാഗം വിഷയമായ സിനിമയുടെ ഭാഗമായിട്ടുണ്ടെന്ന് നടൻ മോഹൻ ലാൽ. ‘കാതല്‍’ താന്‍ കണ്ടെന്നും മമ്മൂട്ടി അതിമനോഹരമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാനും അത്തരം സിനിമകളും നാടകങ്ങളും ചെയ്തിട്ടുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വവര്‍ഗാനുരാഗത്തെപ്പറ്റി പറയുന്ന ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ലെസ്ബിയന്‍ റിലേഷനെപ്പറ്റിയാണ് കഥ പറഞ്ഞത്..’’– മോഹൻലാൽ പറഞ്ഞു.
സമീപകാലത്തെ മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ എല്ലാവരും പ്രകീർത്തിക്കാറുണ്ടെന്നും അതിൽ താൻ അതീവ സന്തോഷവാനാണെന്നും മോഹൻ ലാൽ പറഞ്ഞു. പുഴു, നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഭ്രമയുഗം തുടങ്ങി വ്യത്യസ്തങ്ങളായ സിനിമകളിലൂടെ അദ്ദേഹം തന്റെ കരിയറിന്റെ മാറ്റ് കൂട്ടുകയാണെന്നും കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നതെന്നും മോഹൻ ലാൽ വിലയിരുത്തി.
അതേ സമയം മോഹൻലാൽ നായകനാകുന്ന ‘എൽ ടു എമ്പുരാൻ’ വ്യാഴാഴ്ചയാണ് തിയറ്ററിൽ എത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. 58 കോടിയിലേറെ രൂപയാണ് ചിത്രം ടിക്കറ്റ് ബുക്കിങ് ഇനത്തിൽ ആഗോള തലത്തിൽ ഇതുവരെ നേടിയത്. കേരളത്തിൽ നിന്ന് സിനിമ 19 കോടിയിലധികവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാലര കോടിയിലധികവും സിനിമ ഇതിനകം നേടി കഴിഞ്ഞതായും ഓവർ സീസിൽ സിനിമ നാല് മില്യണിലധികം ഡോളറും (34.5 കോടി രൂപ) നേടിയതായും റിപ്പോർട്ടുണ്ട്. മോഹൻ ലാലിനൊപ്പം സംവിധായകൻ പൃഥ്വിരാജും ടൊവിനോ തോമസും മഞ്ജു വാരിയരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Story Highlights: Mohanlal reveals he acted in a movie about homosexuality years ago and praises Mammootty’s recent film choices as his upcoming movie ‘L2: Empuraan’ nears release.