രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഷ്ട്ര നിർമ്മാണത്തിന് ആർഎസ്എസ് നൽകിയ സംഭാവനകളെ പ്രസംഗത്തിൽ എടുത്തു കാണിക്കുന്നുവെന്നും ഇത് പ്രചോദനാത്മകമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയെ പ്രകീർത്തിച്ചുള്ള മോഹൻ ഭാഗവതിന്റെ വിജയദശമി സന്ദേശവും ശ്രദ്ധേയമായി.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് ഗാന്ധിജി ചെയ്തത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള യാത്രയെ നിർണയിക്കുന്നതിൽ ഗാന്ധിജിയുടെ ആശയങ്ങൾ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാഗ്പൂരിലെ രേഷ്ംബാഗ് മൈതാനത്ത് നടന്ന ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കവെ രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിൽ സംഘത്തിൻ്റെ ദർശനവും ലക്ഷ്യങ്ങളും ഭാഗവത് അവതരിപ്പിച്ചു. ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകാൻ സഹപൗരന്മാരെ പ്രചോദിപ്പിക്കാൻ കഴിയുന്ന “റോൾ മോഡലുകളെ” സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.
നേപ്പാളിലെ പ്രക്ഷോഭത്തെക്കുറിച്ചും മോഹൻ ഭാഗവത് സംസാരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുമ്പോളാണ് ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിഭാഗങ്ങൾക്ക് നേരെ പ്രകോപനം പാടില്ലെന്നും നാനാത്വത്തിൽ ഏകത്വമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു വിപ്ലവവും ഫലം കണ്ടിട്ടില്ല. സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ നടന്ന രാജ്യങ്ങൾ ഇന്ന് മുതലാളിത്ത രാജ്യങ്ങളായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. “ഞങ്ങൾ നിങ്ങൾ” എന്ന മനോഭാവം തെറ്റാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
“രാഷ്ട്ര നിർമ്മാണത്തിന് ആർഎസ്എസിൻ്റെ സമ്പന്നമായ സംഭാവനകളെ എടുത്തു കാണിക്കുന്ന പ്രസംഗം നടത്തിയ സർസംഘചാലക് ഡോ. മോഹൻ ഭഗവത് ജിയുടേത് പ്രചോദനാത്മകമായ പ്രസംഗമാണ്,” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഇത് രാഷ്ട്രത്തിന്റെ സഹജമായ കഴിവിനെ എടുത്തുപറയുന്നെന്നും, അതുവഴി നമ്മുടെ ഗ്രഹത്തിനു മുഴുവൻ പ്രയോജനം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: PM Modi praises RSS leader Mohan Bhagwat’s address, highlighting RSS contributions to nation-building and calling it inspirational.