പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 12, 13 തീയതികളിൽ അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദർശനമാണിതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിർന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. പുതിയ ഭരണകൂടം അധികാരമേറ്റ് കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ പ്രധാനമന്ത്രിയെ യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചത് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്ന് മിസ്രി പറഞ്ഞു. ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മോദിയും ട്രംപും ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി 10-ന് ഫ്രാൻസ് സന്ദർശിച്ച ശേഷം, പാരീസിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ മോദി സഹ അധ്യക്ഷനായി പങ്കെടുക്കും. ഫ്രാൻസിൽ നിന്നാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്.
അതേസമയം, ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുകളണിയിച്ച് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരോട് മോശമായി പെരുമാറരുതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങുകളണിയിച്ച് സൈനിക വിമാനത്തിൽ നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വന്നത്.
കുടിയേറ്റക്കാരോട് മോശമായി പെരുമാറരുതെന്നും, അത്തരം പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യുഎസ് അധികാരികളെ ധരിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധങ്ങൾ ഏറെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദിയുടെ സന്ദർശനം പ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നു.