സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ തീരുമാനത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ വീണ്ടും ഹിയറിങ് നടത്താൻ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ലോറൻസിന്റെ മകൾ ആശയാണ് മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇടവക അംഗമായ ലോറൻസിനെ പള്ളിയിൽ സംസ്കരിക്കണമെന്നായിരുന്നു ആശയുടെ ആവശ്യം. എന്നാൽ, മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നതായി മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും അറിയിച്ചു.
സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കൺവീനർ, എറണാകുളം ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ലോറൻസ് ദീർഘകാലം സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു. ജസ്റ്റിസ് വി ജി അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
Story Highlights: High Court orders MM Lawrence’s body to be kept in mortuary, not handed over for medical study