**കൽപറ്റ◾:** ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ അറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ പ്രതിഷേധം ഓഫീസിൽ നാശനഷ്ടം വരുത്തി എന്ന് ആരോപിച്ചാണ് കേസ്.
ടി. സിദ്ദിഖിനെ കൽപറ്റ നഗരത്തിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. എന്നാൽ ഭീഷണിക്കും ധിക്കാരത്തിനും വഴങ്ങില്ലെന്ന് എംഎൽഎ പ്രതികരിച്ചു. പ്രതിഷേധം മാർച്ച് രൂപത്തിൽ നടത്തിയതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡിവൈഎഫ്ഐ നടത്തിയ ഈ മാർച്ചിനെതിരെ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസിൽ ക്രിമിനലുകൾ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയിലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
സിപിഐഎം പോഷക സംഘടന പോലെയാണ് പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഭരണകക്ഷി അംഗങ്ങളുടെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്യുകയാണ് ഇവർ. സിപിഐഎം ക്രിമിനലുകൾക്ക് നിയമവിരുദ്ധമായ എന്ത് പ്രവൃത്തി ചെയ്യാനും പോലീസ് സംരക്ഷണം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎയുടെ ഓഫീസിനുനേരെ നടന്നത് ഡിവൈഎഫ്ഐയുടെ കാടത്തമാണെന്ന് രമേശ് ചെന്നിത്തലയും വിമർശിച്ചു. ഓഫീസിന് ഷട്ടറിടണമെന്നും ജോലി ചെയ്യുന്നവർ പുറത്തുപോകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights : Incident of attack on T Siddique MLA’s office; Case filed against DYFI activists