കഴിഞ്ഞ ബുധനാഴ്ചയാണ് താനൂർ ദേവദാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായത്. സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നുവെന്ന് വീട്ടിൽ പറഞ്ഞാണ് ഇവർ ഇറങ്ങിയത്. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാൾക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്.
സ്കൂളിൽ കുട്ടികൾ എത്താതിരുന്നതിനെ തുടർന്ന്, വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈ ലോണാവാലയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ലോണാവാലയിൽ വെച്ച് റെയിൽവേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തി. ഗരിബ് എക്സ്പ്രസിൽ 12 മണിക്കാണ് പെൺകുട്ടികളും സംഘവും തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി കൗൺസിലിങ്ങിന് ശേഷം വീട്ടുകാരോടൊപ്പം വിട്ടയക്കും.
കുട്ടികൾക്ക് എങ്ങനെയാണ് പണം കിട്ടിയത്, കുട്ടികൾ നാട് വിട്ട് പോകാനുള്ള കാരണമെന്ത് എന്നീ കാര്യങ്ങളിൽ പൊലീസിന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പെൺകുട്ടികൾക്കൊപ്പം കോഴിക്കോട് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത റഹീം അസ്ലമിനെ ഇന്ന് രാവിലെ അഞ്ച് മണിയോടെ തിരൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരുന്നത്. കുട്ടികളെ യുവാവ് എങ്ങനെയാണ് സഹായിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നു. കുട്ടികളുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം മാത്രമേ യുവാവിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കൂ.
കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചു. കുട്ടികളുടെ മൊഴികൾ രേഖപ്പെടുത്തി കൗൺസിലിങ് നൽകിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. കേസിൽ പ്രതിയായ റഹീം അസ്ലമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Story Highlights: Two missing girls from Tanur, Malappuram, found in Mumbai and returned home after counseling.