പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണുവിനെ ഡിസംബർ 17 മുതലാണ് കാണാതായത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാറി നിന്നതാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ പത്ത് മണിയോടെ വിഷ്ണു കോഴിക്കോട് എത്തുമെന്നാണ് അറിയുന്നത്.
ബംഗളൂരുവിലെ മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. 450-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി. രാത്രി 11 മണിയോടെയാണ് എലത്തൂരിൽ നിന്നുള്ള എസ്ഐ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിഷ്ണുവിനെ കണ്ടെത്തിയത്.
ഡിസംബർ 17-ന് വിഷ്ണു തന്റെ ബന്ധുക്കളെ നാട്ടിലേക്ക് വരുന്നതായി അറിയിച്ചിരുന്നു. അന്ന് പുലർച്ചെ കണ്ണൂരിൽ എത്തിയതായി അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നു. പിന്നീട് ഫോണിന്റെ ലൊക്കേഷൻ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത ഉണ്ടായത്. ഇക്കഴിഞ്ഞ 23-ന് എലത്തൂരിൽ നിന്നുള്ള അന്വേഷണ സംഘം മുംബൈയിലും പുനെയിലും തിരച്ചിൽ നടത്തിയിരുന്നു.
മുംബൈയിലേക്കുള്ള ട്രെയിനിൽ വിഷ്ണു കയറിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിലാണ് പല സ്ഥലങ്ങളിലായി വിഷ്ണു മാറിനിൽക്കുന്നതായി കണ്ടെത്തിയത്. ജനുവരി 11-നാണ് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞതിൽ ബന്ധുക്കൾ ആശ്വാസത്തിലാണ്.
Story Highlights: Missing Malayali soldier from Pune found in Bangalore after extensive search