വല്ലപ്പുഴയില് നിന്ന് കാണാതായ 15 വയസ്സുകാരി ഷന ഷെറിനെ ഗോവയിലെ മഡ്ഗോണില് നിന്ന് കണ്ടെത്തി. നിലമ്പൂരില് നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് ഗോവയില് വെച്ച് കുട്ടിയെ കണ്ടത്. സംശയം തോന്നിയ അധ്യാപകര് ഉടന് തന്നെ ഗോവ മഡ്ഗോണ് പൊലീസില് വിവരം അറിയിച്ചു. തുടര്‍ന്ന് മഡ്ഗോണ് പൊലീസ് പട്ടാമ്പി പോലീസുമായി ബന്ധപ്പെട്ടു.
കുട്ടിയെ കൊണ്ടുവരാനായി പട്ടാമ്പി പോലീസും ബന്ധുക്കളും ഗോവയിലേക്ക് യാത്ര തിരിച്ചു. മഡ്ഗോണ് റെയില്വേ സ്റ്റേഷന്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഫോണില് സംസാരിച്ചതോടെ കുടുംബത്തിന് ആശ്വാസമായി.
ഡിസംബര് 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ട്യൂഷന് സെന്ററില് പോയ ഷഹന ഷെറിന് സ്കൂളില് എത്താതിരുന്നതോടെയാണ് കാണാതായത്. അധ്യാപകര് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പോലീസില് വിവരമറിയിച്ചു.
പട്ടാമ്പി റെയില്വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില് ഒമ്പത് മണിയോടെ ഷെറിന്റെതെന്ന് കരുതുന്ന ചിത്രങ്ങള് കണ്ടെത്തിയിരുന്നു. സ്കൂള് യൂണിഫോം ധരിച്ചാണ് ഷെറിന് വീട്ടില് നിന്ന് ഇറങ്ങിയിരുന്നതെങ്കിലും സിസിടിവിയില് പര്ദ്ദയാണ് വേഷം. കുട്ടിയെ കണ്ടെത്താന് പോലീസ് കൃത്യമായി പരിശോധന നടത്തുന്നുണ്ടെന്ന് മുഹമ്മദ് മുഹ്സിന് എം എല് എ കുടുംബത്തെ സന്ദര്ശിച്ച ശേഷം അറിയിച്ചിരുന്നു.
Story Highlights: 15-year-old girl missing from Vallapuzha found in Goa after teacher’s group spots her