വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചരിത്രം വ്യക്തമാക്കി മന്ത്രി; നാളെ കൂറ്റൻ മദർഷിപ് എത്തുന്നു

Anjana

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചരിത്രം വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും, കുമാർ കമ്മിറ്റിയാണ് ആദ്യ പഠനം നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഎസ് അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ നൽകിയതെന്നും, പിണറായി സർക്കാരാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർവഹിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയതെന്ന വാദം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ കൂറ്റൻ മദർഷിപ് എത്തുന്നു. ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ആറുമണിയോടെ ബർത്തിൽ അടുക്കും. 2000 കണ്ടൈനറുകളുമായി എത്തുന്ന കപ്പലിന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകും. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകുകയും, കേന്ദ്ര തുറമുഖ മന്ത്രി, അദാനി പോർട്ട് അധികൃതർ, വിസിൽ അധികൃതർ എന്നിവർ ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യുകയും ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ വരെ നിരവധി മദർഷിപ്പുകളും, ഫീഡർഷിപ്പുകളും ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് എത്തുമെന്നും അറിയിച്ചു.