ചേലക്കരയിലെ എൽഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരണവുമായി രംഗത്തെത്തി. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെയാണെന്ന് മന്ത്രി വിമർശിച്ചു.
പരസ്പരം കുറ്റം പറയാതിരിക്കാനുള്ള ഗുളിക വരെ യുഡിഎഫും ബിജെപിയും കഴിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. രാഷ്ട്രീയ വിജയം ഉണ്ടാകണമെങ്കിൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്.
ചേലക്കരയിൽ 13 റൗണ്ട് വോട്ടെണ്ണലാണ് നടക്കുന്നത്. ഇതുവരെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. എൽഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയിൽ പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എന്നാൽ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന് കൃത്യമായ ലീഡ് നേടാൻ കഴിഞ്ഞില്ല. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മൂന്നാം സ്ഥാനത്താണ് സരിൻ. പാലക്കാട് തിരിച്ചുപിടിക്കുമെന്ന എൽഡിഎഫിന്റെ അവകാശവാദങ്ങൾക്ക് തിരിച്ചടിയാണുണ്ടായത്.
Story Highlights: Minister PA Mohammed Riyas reacts to LDF’s lead in Chelakkara by-election, criticizes UDF and BJP