കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയിൽ അഭിപ്രായം പറയാനില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പ്രതികരിച്ചു. നവീൻ ബാബുവിനെ സംബന്ധിച്ച് തന്റെ അഭിപ്രായം ആദ്യം തന്നെ പറഞ്ഞതായും അതിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റവന്യൂ വകുപ്പ് അന്വേഷിക്കുന്നത് ക്രൈം അല്ലെന്നും കളക്ടർ പൊലീസിലാണ് മൊഴി നൽകിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലുറച്ച് നിൽക്കുകയാണ് കളക്ടർ അരുൺ കെ വിജയൻ. വിവാദമായ യാത്രയയപ്പ് പരിപാടിക്ക് ശേഷം, തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് കളക്ടർ.
കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ടി വി പ്രശാന്തനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദുരീകരിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയബാനു പറഞ്ഞു. അന്വേഷണ സംഘത്തോട് കളക്ടർ പറഞ്ഞ കൂടുതൽ കാര്യങ്ങൾ എന്തായിരിക്കാം എന്ന ചോദ്യം അവശേഷിക്കുകയാണ്.
Story Highlights: Revenue Minister K Rajan reacts to Kannur Collector’s statement on ADM Naveen Babu’s death case