കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ. രാജൻ. കേരളം ഇന്ത്യയിൽ അല്ല എന്ന മട്ടിലാണ് കേന്ദ്ര സർക്കാരിന്റെ സമീപനമെന്ന് അദ്ദേഹം വിമർശിച്ചു. രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് തോന്നിപ്പോകുമെന്നും, കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്ര സഹമന്ത്രിമാർ ഉണ്ടായിട്ടും സംസ്ഥാനത്തിനായി ഇടപെടാൻ കഴിഞ്ഞില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
എയിംസ് അടക്കം കേരളം പ്രതീക്ഷിച്ച പല പദ്ധതികൾക്കും യാതൊരു പരിഗണനയും നൽകാത്ത ഈ ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. വിനോദ സഞ്ചാരത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനമായിട്ടും, ഒരു കേന്ദ്ര ടൂറിസം സഹമന്ത്രി ഉണ്ടായിട്ടു കൂടി ടൂറിസം മേഖലയിൽ പോലും ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിയാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെയാണെന്ന് മന്ത്രി വിമർശിച്ചു. കേരളത്തിന് അർഹതപ്പെട്ട വിഹിതമെങ്കിലും ലഭിക്കാൻ സംസ്ഥാനത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങൾക്ക് യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടാകാതിരുന്നതും, പ്രളയ ദുരിതാശ്വാസ പദ്ധതികളിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താതിരുന്നതും നിരാശാജനകമാണെന്ന് മന്ത്രി കെ. രാജൻ കൂട്ടിച്ചേർത്തു.