തമിഴ്നാട്ടിലെ കെഎസ്ആര്ടിസി ബസുകള്ക്കുള്ള നികുതി വര്ധനവിനെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര് രൂക്ഷ വിമര്ശനം ഉന്നയിച്ചു. കേരള സര്ക്കാരുമായി കൂടിയാലോചന നടത്താതെ തമിഴ്നാട് 4000 രൂപ നികുതി വര്ധിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള് തുടര്ന്നാല് തമിഴ്നാടിന്റെ വാഹനങ്ങള് കേരളത്തിലും പിടിച്ചെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. ശബരിമല സീസണ് വരുന്നതും, ഏറ്റവും കൂടുതല് തീര്ത്ഥാടകര് തമിഴ്നാട്ടില് നിന്നാണ് എത്തുന്നതെന്നും അദ്ദേഹം ഓര്മിപ്പിച്ചു.
കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്കാനുള്ള പദ്ധതി ഉടന് നടപ്പിലാക്കുമെന്ന് മന്ത്രി നിയമസഭയില് അറിയിച്ചു. എന്നാല്, കെഎസ്ആര്ടിസി ജീവനക്കാരുടെ മദ്യപാനം പരിശോധിക്കുന്ന സര്ക്കാര് അവരുടെ ഭക്ഷണ സ്ഥിതിയും പരിശോധിക്കണമെന്ന് എം. വിന്സന്റ് എംഎല്എ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, ജീവനക്കാര്ക്ക് കഞ്ഞി കുടിക്കാനുള്ള വക ഉണ്ടാക്കുമെന്നും, എന്നാല് മദ്യപിച്ച് വാഹനമോടിക്കാന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, ഷെഡില് കിടന്നിരുന്ന 1200 ബസുകളുടെ എണ്ണം 600 ആയി കുറച്ചതായും അദ്ദേഹം സഭയെ അറിയിച്ചു.