
കൊല്ലം: കുണ്ടറയിൽ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് പാർട്ടിയുടെ നടപടി. എൻസിപി അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അഞ്ചു പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.
കുണ്ടറ ബ്ലോക്ക് പ്രസിഡണ്ട് ബെനഡിക്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ്, മഹിളാ നേതാവ് ഹണി ഇവരെക്കൂടാതെ നേരത്തെ സസ്പെൻഡ് ചെയ്ത രണ്ടുപേർ തുടങ്ങിയവർക്കെതിരെയാണ് നടപടി. ആരോപണവിധേയനായ ജി പത്മാകരനെയും എസ്. രാജീവനെയും പാർട്ടിയുടെ അന്വേഷണ കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു.
തുടർന്ന് ജി പത്മാകരൻ ഇ-മെയിൽ വഴി മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
അതേസമയം മന്ത്രി എ കെ ശശീന്ദ്രൻ ഫോണിലൂടെ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിയിലെ ശബ്ദസന്ദേശം പുറത്തുവിട്ടതിനെ തുടർന്ന് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതാണെന്നും കേസെടുക്കാൻ വൈകിയതിനെ കുറിച്ച് ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി.
പരാതിക്കാരിക്ക് നിയമപരിരക്ഷ ലഭ്യമാക്കുമെന്നും എ.കെ ശശീന്ദ്രൻ തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Minister A K Saseendran got clean chit.