കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത. അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാൻ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളം സന്ദർശിക്കാൻ അർജൻറീന ടീം താൽപര്യം പ്രകടിപ്പിച്ചതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ടീമിന്റെ സന്ദർശന സമയവും വേദിയും പിന്നീട് തീരുമാനിക്കും.
നേരത്തേ, സൗഹൃദ മത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. ഉയർന്ന ചെലവാണ് എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞത്. ഇതിനെ തുടർന്ന്, അർജന്റീനാ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ച് ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
2022-ലെ ലോകകപ്പ് വിജയത്തിനു ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെ പരാമർശിച്ച് നന്ദി അറിയിച്ചിരുന്നു. ഈ വർഷം ആരംഭത്തിൽ, കായിക മന്ത്രി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ ചർച്ച നടത്തി. കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ ലഭിച്ചതായി മന്ത്രി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ, കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജൻറീന അക്കാദമികൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights: Argentina national football team to play in Kerala