വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ കേന്ദ്രത്തിന് അയച്ച കത്തിന് മറുപടിയായി കേന്ദ്രം ഈ അംഗീകാരം അറിയിച്ചു. ഇനി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്.
എസ്ഡിആർഎഫിന്റെ രണ്ട് ഗഡു മുൻകൂറായി അനുവദിച്ചതൊഴിച്ചാൽ, കേന്ദ്രത്തിൽ നിന്ന് വയനാടിനായി പ്രത്യേക സഹായം ഇതുവരെ ലഭിച്ചിരുന്നില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ധനസഹായം കേരളം പ്രതീക്ഷിക്കുന്നുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിൽ അനുകൂല തീരുമാനം ഉണ്ടായേക്കും. കൂടാതെ വിവിധ വകുപ്പുകളിൽ പ്രത്യേകം ധനസഹായവും കേരളത്തിന് ആവശ്യപ്പെടാനാകും.
എന്നാൽ, മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പമുണ്ട്. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകൾക്ക് മുൻകൂർ പണം നൽകണമെന്നും പറയുന്നു. ഇത് ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നു.
ഭൂമി ഏറ്റെടുക്കലിൽ ബോണ്ട് ഒപ്പിടുന്ന രീതിയില്ല എന്നതും ആശയകുഴപ്പത്തിന് വഴിവെച്ചിരിക്കുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ തീർപ്പാകുന്നതിന് മുൻപേ നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാന താൽപര്യത്തിന് ഗുണകരമല്ലെന്നാണ് റവന്യു വകുപ്പിന്റെ അഭിപ്രായം. ഹൈക്കോടതി ഉത്തരവിൽ എന്തുവേണമെന്ന് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. അപ്പീൽ പോകണമെന്നതടക്കമുള്ള കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Story Highlights: Mundakkai-Chooralmala landslide: An order may be issued soon after the central government recognizes it as an extreme disaster.