ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ മീശോ തങ്ങളുടെ ജീവനക്കാർക്ക് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയുള്ള ഈ അവധിക്കാലത്ത് ജീവനക്കാർക്ക് ജോലിയിൽ നിന്ന് പൂർണ വിശ്രമം ലഭിക്കും. ജോലി സംബന്ധമായ യോഗങ്ങൾ, ഇമെയിലുകൾ, ഹ്രസ്വ സന്ദേശങ്ങൾ എന്നിവയൊന്നും ഈ ദിവസങ്ങളിൽ ജീവനക്കാരെ തേടിയെത്തില്ല.
കമ്പനിയുടെ ഈ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. തൊഴിലിടത്തെ മാനസിക സമ്മർദ്ദം വലിയ തോതിൽ ചർച്ചയാകുന്ന കാലത്ത് മീശോ മുന്നോട്ട് വെച്ച ഈ മാതൃകയെ നിരവധി പേരാണ് അനുകൂലിച്ചത്. മറ്റ് കമ്പനികളും ഇത്തരം നടപടികൾ പിന്തുടരണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.
ഇത് നാലാം വർഷമാണ് മീശോ ‘റീസെറ്റ് ആൻ്റ് റീചാർജ്’ എന്ന പേരിൽ തങ്ങളുടെ ജീവനക്കാർക്കായി തുടർച്ചയായ അവധി പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ മെഗാ ബ്ലോക്ബസ്റ്റർ സെയിലിൽ വൻ ലാഭം നേടാനായതിനെ തുടർന്നാണ് കമ്പനി ജീവനക്കാർക്ക് ഈ അവധി അനുവദിച്ചിരിക്കുന്നത്. ഇത്തരം നടപടികൾ ജീവനക്കാരുടെ ക്ഷേമത്തിനും ഉത്പാദനക്ഷമതയ്ക്കും സഹായകമാകുമെന്ന് കമ്പനി കരുതുന്നു.
Story Highlights: Meesho announces 9-day leave for employees, receives praise on social media