**താമരശ്ശേരി◾:** താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ വേട്ട നടന്നു. ബാംഗ്ലൂരിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ്.പി കെ.ഇ.ബൈജു ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ സ്വദേശിയായ മുഹമ്മദ് അനസ് (20) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ചുങ്കത്തിന് അടുത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. KL 20 P 9658 എന്ന നമ്പറിലുള്ള സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്. പ്രതി ഒരു വർഷമായി ബാംഗ്ലൂരിലെ കഫെ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.
നാര്ക്കോട്ടിക്ക് സെല് ഡി.വൈ.എസ്.പി. പ്രകാശന് പടന്നയില്, താമരശ്ശേരി ഡി.വൈ.എസ്.പി. കെ. സുഷീര് എന്നിവരുടെ നിര്ദ്ദേശപ്രകാരമാണ് പോലീസ് സംഘം കേസ് അന്വേഷിച്ചത്.
ബാംഗ്ലൂരിൽ നിന്നും സ്കൂട്ടറിൽ നേരിട്ട് വരുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ ബാംഗ്ലൂരിലെ മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വില്പന നടത്തുകയായിരുന്നു പതിവ്. പിടികൂടിയ ലഹരിമരുന്നിന് കേരളത്തിൽ ഏകദേശം മൂന്നുലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.
സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ രാജീവ് ബാബു, താമരശ്ശേരി എസ്.ഐ മാരായ വി.കെ. റസാക്ക്, എം.അബ്ദു, സ്പെഷ്യൽ സ്ക്വാഡ് എ.എസ്.ഐ മാരായ ഷാജി .വി .വി , വി.സി.ബിനീഷ്., എസ്.സി.പി.ഓ മാരായ എൻ.എം ജയരാജൻ, പി. പി ജിനീഷ്, ഇ.കെ. അഖിലേഷ്, പി.കെ.ലിനീഷ്, കെ.രമ്യ, ടി.പി.പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: താമരശ്ശേരിയിൽ 81 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് പോലീസ് പിടികൂടി.