മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ (MDMA) സിനിമാ നടിമാർക്ക് നൽകാൻ കൊണ്ടുവന്നതാണെന്ന് പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് അരക്കിലോയിൽ അധികം സിന്തറ്റിക് ലഹരിമരുന്ന് പിടികൂടിയത്. ഡാൻസാഫും വാഴക്കാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിർ ആണ് ഷബീബിന്റെ നിർദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനിൽ നിന്ന് പാൽപ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്തി. തുടർന്ന് ഹബീബിന് കൈമാറി.
കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു. ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ എം ഡി എം എ കൈപ്പറ്റാൻ രണ്ട് സിനിമാ നടിമാർ എറണാകുളത്തുനിന്ന് എത്തുമെന്നും അതവർക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ആരാണ് വരുന്നതെന്നോ നടിമാർ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം.
ലഹരി മരുന്ന് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ന്യൂയർ പാർട്ടി ലക്ഷ്യം വെച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വിൽപ്പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.
Story Highlights: Police arrest man with MDMA allegedly intended for Malayalam film actresses