ലോകപ്രശസ്ത ഫുഡ് ചെയിൻ കമ്പനിയായ മക്ഡൊണാൾഡ്സിന് അമേരിക്കയിൽ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബർഗറിൽ നിന്ന് ഇ-കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ഒരാളുടെ മരണത്തിനും നിരവധി പേർക്ക് രോഗം ബാധിക്കാനും ഇടയായി. ഈ സംഭവത്തെ തുടർന്ന് യു.എസിലെ പത്ത് സ്റ്റേറ്റുകളിലെ 20 ഓളം മക്ഡൊണാൾഡ് ഔട്ട്ലെറ്റുകളിൽ നിന്ന് ക്വാർടർ പൗണ്ടർ ബർഗർ വിതരണം ചെയ്യുന്നത് കമ്പനി നിർത്തി.
യു.എസ് സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ, മക്ഡൊണാൾഡ്സ് വിതരണം ചെയ്ത ബർഗറാണ് രാജ്യത്ത് ഒരാൾ മരിക്കാനും നിരവധി പേർക്ക് അണുബാധയേൽക്കാനും കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. കൊളറാഡോ, കൻസാസ്, ഉട്ടാഹ്, വയോമിങ്, ഇദാഹോ, ലോവ, മിസോറി, മൊണ്ടാന, നെബ്രാസ്ക, നെവാഡ, ന്യൂ മെക്സികോ, ഒക്ലഹോമ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിൽ നിന്നാണ് ക്വാർടർ പൗണ്ടർ ബർഗർ വിതരണം നിർത്തിയത്.
യുഎസിൽ മക്ഡൊണാൾഡ്സിന് 14000 ത്തോളം ഔട്ട്ലെറ്റുകളുണ്ട്. രോഗബാധയുണ്ടായ പത്ത് സംസ്ഥാനങ്ങളിൽ പത്ത് ലക്ഷത്തോളം ക്വാർട്ടർ പൗണ്ടർ ബർഗറുകളാണ് ഓരോ രണ്ടാഴ്ചയിലും വിൽക്കപ്പെടുന്നത്. ഫെഡറൽ ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവം മക്ഡൊണാൾഡ്സിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Story Highlights: McDonald’s removes Quarter Pounder burgers from 20 outlets in 10 US states after E. coli outbreak causes death and illnesses