മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എംബിബിഎസ് പഠിപ്പിക്കാനുള്ള അനുമതി ദേശീയ മെഡിക്കൽ കമ്മിഷൻ നൽകി. പുതിയ അധ്യയന വർഷം മുതൽ അധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ പ്രാദേശിക ഭാഷകളിലും നടത്താമെന്നാണ് നിർദേശം. ഇതുവരെ ഇംഗ്ലിഷിൽ മാത്രമായിരുന്നു എംബിബിഎസ് പഠനം നടത്തിയിരുന്നത്.
ഇംഗ്ലിഷിനു പുറമേ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഇനി എംബിബിഎസ് പഠിക്കാനാകും. കഴിഞ്ഞ വർഷം മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളിൽ ഹിന്ദിയിലുള്ള കോഴ്സ് അവതരിപ്പിച്ചിരുന്നു. മധ്യപ്രദേശിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ബയോകെമിസ്ട്രി, ഫിസിയോളജി, അനാട്ടമി എന്നീ മൂന്ന് വിഷയങ്ങൾ ഹിന്ദിയിൽ പഠിപ്പിക്കാൻ തീരുമാനമായിരുന്നു.
പ്രാദേശിക ഭാഷകളിൽ പഠനം അനുവദിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ അങ്ങനെയൊരു ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മുൻപ് ദേശീയ മെഡിക്കൽ കമ്മിഷൻ വിശദീകരിച്ചിരുന്നത്. ഈ പുതിയ തീരുമാനത്തോടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ മാതൃഭാഷയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കും.
Story Highlights: National Medical Commission allows MBBS education in regional languages including Malayalam