മാവേലിക്കര ◾: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ആദ്യം ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് മാവേലിക്കര സ്വദേശി രാഘവന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.
ചെട്ടികുളങ്ങര പഞ്ചായത്തിനെയും ചെന്നിത്തല പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നു വീണത്. അപകടം നടക്കുമ്പോൾ ഏഴ് പേരോളം പാലത്തിൽ ഉണ്ടായിരുന്നു. മൂന്ന് വർഷത്തോളമായി ഈ പാലത്തിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ സംഭവസ്ഥലം സന്ദർശിച്ചു. അച്ചൻകോവിൽ ആറ്റിലെ ശക്തമായ ഒഴുക്കിൽ തൂണുകളുടെ ബലം കുറഞ്ഞതാണ് അപകടകാരണമെന്നാണ് മന്ത്രിയുടെ പ്രാഥമിക നിഗമനം. നിലവിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കീച്ചേരിക്കടവ് പാലം നിർമ്മാണത്തിനിടെയുണ്ടായ അപകടം വേദനാജനകമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഈ സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന് മന്ത്രി നിർദ്ദേശം നൽകി. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തകർന്നത് പാലത്തിന്റെ നടുഭാഗത്തുള്ള ബീമുകളിൽ ഒന്നാണെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പുഴയിലേക്ക് വീണ രണ്ട് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി നടക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. നിർമ്മാണത്തിലെ അപാകതകൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.
Story Highlights : two death in mavelikkara bridge collapse