**കൊച്ചി◾:** മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ 13 പ്രതികളാണുള്ളത്. സിഎംആർഎൽ എംഡി ശശിധരൻ ഒന്നാം പ്രതിയും വീണാ വിജയൻ പതിനൊന്നാം പ്രതിയുമാണ്. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ കുറ്റപത്രത്തിൽ 114 രേഖകളും 72 സാക്ഷികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക കോടതി ഈ ആഴ്ച തന്നെ പരിഗണിക്കുമെന്നാണ് വിവരം.
മാസപ്പടി കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടികൾ പുനരാരംഭിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ അവരോട് രേഖകൾ ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയിരുന്നു.
ഇഡി ഈ രേഖകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയൻ അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കും. കേസ് തേച്ചുമായ്ച്ച് കളയാനാകില്ലെന്നും ജനത്തിന് വാസ്തവം ബോധ്യപ്പെടുമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചു. ഇഡിയെ വിശ്വാസമില്ലെന്നും സ്വർണ്ണക്കടത്ത് കേസിൽ അടക്കം ഒത്തുകളിച്ചത് കണ്ടതാണെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.
നേരത്തെ മാസപ്പടി കേസിൽ സിഎംആർഎൽ, കെഎസ്ഐഡിസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. മാസപ്പടി കേസിൽ ഇഡി കൂടി എത്തുന്നതോടെ കോർപ്പറേറ്റ് ഫ്രോഡ് എന്നതിനപ്പുറം സിഎംആർഎൽ മാസപ്പടി ഡയറിയിലേക്ക് കൂടി അന്വേഷണം നീളാൻ സാധ്യതയുണ്ട്. കേസിലെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: The SFIO chargesheet in the ‘Masappadi’ case names 13 accused, including Veena Vijayan as the 11th accused and CMRL MD Sashidharan as the first.