മാരുതി സുസുക്കി റെക്കോർഡ് കയറ്റുമതി നേട്ടം കൈവരിച്ചതായി കമ്പനി അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ 3,32,585 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് കമ്പനി പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന കയറ്റുമതിക്കാരൻ എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചതായി മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയും ഹിസാഷി തകേച്ചി പറഞ്ഞു. സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ദർശനവുമായി യോജിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-24 സാമ്പത്തിക വർഷത്തെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ 17.5 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 2,83,067 യൂണിറ്റുകളായിരുന്നു കയറ്റുമതി. രാജ്യത്തെ മൊത്തം വാഹന കയറ്റുമതിയുടെ 43 ശതമാനം മാരുതി സുസുക്കിയുടേതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഫ്രോങ്ക്സ്, ജിംനി, ബലേനോ, സ്വിഫ്റ്റ്, ഡിസയർ എന്നിവയാണ് 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത മോഡലുകൾ. ദക്ഷിണാഫ്രിക്ക, സൗദി, ചിലി, ജപ്പാൻ, മെക്സിക്കോ എന്നിവയാണ് മാരുതിയുടെ പ്രധാന അഞ്ച് വിപണികൾ. വിവിധ രാജ്യങ്ങളിലേക്ക് 17 മോഡലുകൾ കയറ്റുമതി ചെയ്യുന്ന കമ്പനി 2024 നവംബറിൽ 3 ദശലക്ഷം കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
ആഗോള ഉല്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് ഈ നേട്ടം തെളിവാണെന്ന് ഹിസാഷി തകേച്ചി അഭിപ്രായപ്പെട്ടു. ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോയിൽ പ്രഖ്യാപിച്ചതുപോലെ സുസുക്കിയുടെ ബിഇവി, ഇ വിറ്റാര എന്നിവയുടെ ആഗോള നിർമാണ കേന്ദ്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Maruti Suzuki achieved a record export of 332,585 units in FY24-25, solidifying its position as India’s largest passenger vehicle exporter.