പുതിയൊരു എസ് യുവി വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. ഈ വാഹനം ഗ്രാന്റ് വിത്താരയുടെയും ബ്രെസയുടെയും ഇടയിലുള്ള ഒരു സ്ഥാനത്തേക്കായിരിക്കും എത്തുക. മാരുതി സുസുക്കി ഈ മോഡലിന് എസ് ക്യുഡോ എന്ന് പേര് നൽകാനാണ് സാധ്യത. ആദ്യം 7 സീറ്റർ വാഹനം പുറത്തിറക്കാനായിരുന്നു പദ്ധതി, എന്നാൽ പിന്നീട് വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ച് 5 സീറ്ററിലേക്ക് മാറ്റം വരുത്തി.
എസ് ക്യുഡോയുടെ വരവ് ഹ്യുണ്ടായ് ക്രേറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളിയായിട്ടായിരിക്കും വിലയിരുത്തുന്നത്. ഈ വാഹനം ഗ്രാന്റ് വിത്താരയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മെക്കാനിക്കൽ ഫീച്ചറുകൾ കൂടുതലും ഗ്രാന്റ് വിത്താരയുമായി പങ്കിടുന്ന ഒരു വാഹനമായിരിക്കും വൈ17 കോഡ് നെയിമിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ എസ് യുവി.
മാരുതി സുസുക്കി ഇതുവരെ ഔദ്യോഗികമായി പുതിയ മോഡലിന്റെ പേരോ മറ്റ് സവിശേഷതകളോ പുറത്തുവിട്ടിട്ടില്ല. എന്നാൽ, അവതരണം സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഇന്ത്യയിൽ “എസ് ക്യുഡോ” എന്ന പേരിന്റെ പകർപ്പവകാശം മാരുതി സുസുക്കി സ്വന്തമാക്കിയിരുന്നു.
വൈ17 കോഡ് നെയിമിലുള്ള ഈ എസ് യുവിയിൽ 104 എച്ച്പി, 1.5 ലീറ്റർ നാച്ചുറലി അസ്പയേഡ് പെട്രോൾ എൻജിൻ പ്രതീക്ഷിക്കാം. അതോടൊപ്പം 88 എച്ച്പി സിഎൻജി എൻജിനും 116 എച്ച്പി, 1.5 ലീറ്റർ ഹൈബ്രിഡ് എൻജിൻ ഓപ്ഷനുകളും പ്രതീക്ഷിക്കാവുന്നതാണ്. ഈ വാഹനത്തിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സുസുക്കി യൂറോപ്പ് അടക്കമുള്ള പല അന്താരാഷ്ട്ര വിപണികളിലും എസ് ക്യുഡോയെ വിറ്റാര എന്ന പേരിലാണ് വിറ്റിരുന്നത്. ഗ്രാന്റ് വിത്താരയുടെയും ബ്രെസയുടെയും ഇടയിൽ സ്ഥാനം പിടിക്കുന്ന ഈ വാഹനം വിപണിയിൽ വലിയ ചലനം സൃഷ്ട്ടിക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights : Maruti Suzuki’s new 5-seater SUV Escudo will launch in India
Story Highlights: മാരുതി സുസുക്കിയുടെ പുതിയ 5 സീറ്റർ എസ് യുവി “എസ്ക്യുഡോ” ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.