ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് അനില്‍കുമാര്‍ കലയെ കൊന്ന് വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരമത്തുരിലെ അനില്‍കുമാറിന്റെ വീട്ടില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ചിലത് പൊലീസ് കണ്ടെത്തി.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഒരു ഊമ കത്തിലൂടെയാണ് ഈ കേസിലെ സത്യങ്ങള്‍ പുറത്തുവന്നത്. കത്തില്‍ കലയുടെ കൊലപാതകത്തെക്കുറിച്ചും അതില്‍ പങ്കാളികളായവരെക്കുറിച്ചും വിശദമായി പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അനില്‍കുമാറിന്റെ അടുത്ത ബന്ധുക്കള്‍ അടക്കം 5 പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ നിന്നും കലയെ അനില്‍കുമാറിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടതായി വ്യക്തമായി.